വര്‍ഗ്ഗീയവാദി

എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Thursday, November 19, 2009

സനാതന ഹിന്ദു ധര്‍മ പരിപാലനം

ഹിന്ദു ഐക്യവേദി മാര്‍ച്ച് പോലീസ് തടഞ്ഞു

കോഴിക്കോട്: മുഖദാറിലെ തര്‍ബിയത്തുല്‍ ഇസ്ലാം സഭയിലേക്ക് ഹിന്ദു ഐക്യ വേദിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. പ്രകടനം കഴിഞ്ഞ് പിരിഞ്ഞ് പോകുകയായിരുന്ന പ്രവര്‍ത്തകര്‍ പട്ടാളം പള്ളിക്ക് നേരെ കല്ലെറിഞ്ഞ് രണ്ട് ജനാലചില്ലുകള്‍ തകര്‍ത്തു. പളളിക്ക് ചുറ്റും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

Sunday, November 15, 2009

'ലൌ ജിഹാദ്': പകര്‍പ്പവകാശം ഹിറ്റ്ലര്‍

'ലൌ ജിഹാദ്': പകര്‍പ്പവകാശം ഹിറ്റ്ലര്‍

-->Thursday, November 12, 2009 -->മധ്യരേഖ / ഡി. ബാബുപോള്


‍ഷംനമോള്‍ കേരളത്തില്‍ എവിടെയോ ജീവിച്ചുവരവെ പൊന്നരിവാളമ്പളിയില്‍ കണ്ണെറിയുന്നോളേ എന്ന് വിളിച്ചു രാജ്മോഹന്‍. അവര്‍ ഒളിച്ചോടി. ഏതോ ക്ഷേത്രത്തില്‍ പോയി മാലയിട്ടു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ കൊടുത്തു. ഇതിനിടെ ഷംനമോളുടെ വീട്ടുകാര്‍ പരാതിക്കാരായി. വധൂവരന്മാര്‍ പൊലീസില്‍ ഹാജരായി. കോടതിയിലെത്തിച്ചു പൊലീസ്. ഷംനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി ദമ്പതികളെ വിട്ടയച്ചു. വധൂപിതാവ് മകളെ ബലമായി നാടുകടത്തിയെന്ന കേസ് ഹൈക്കോടതിയിലുണ്ട്. കഴിഞ്ഞയാഴ്ച എന്റെ സുപ്രഭാതം എന്നെ അറിയിച്ചതാണ് ഈ വിവരം. ഇതിനെ റിവേഴ്സ് ജിഹാദ് എന്ന് വിളിക്കണം. ലൌജിഹാദിനെതിരെ അമ്പെയ്ത കാട്ടാളന്റെ മുന്നില്‍ നിസ്സഹായനായി രാമായണം എഴുതാതിരിക്കുന്ന വാത്മീകിയെക്കുറിച്ച് കഥയെഴുതുന്നു പി.കെ. പാറക്കടവ്.

ലൌജിഹാദിന്റെ ആദ്യത്തെ ഇര മാധവിക്കുട്ടിയാണ് എന്ന് തിരിച്ചറിയുന്നു പ്രശസ്ത പണ്ഡിതനായ ഡോ. എം. ഗംഗാധരന്‍. അടിയന്തരാവസ്ഥക്കാലത്ത് തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ട ഉടുമ്പിന്റെ വര്‍ത്തമാനകാലാവതാരമാക്കി മാറ്റിയിരിക്കുന്നു ലൌജിഹാദിനെ നാം. അമുസ്ലിംപെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കി മതംമാറ്റുന്നു എന്നാണ് ആരോപണം. ബുര്‍ഖ (പര്‍ദ) ഇടേണ്ടതിന്റെ ആവശ്യകതയെപറ്റി ബോധ്യപ്പെടുത്താനുള്ള പ്രചാരണമായിരുന്നു ഇതെങ്കില്‍ ചിരിച്ചുതള്ളാമായിരുന്നു. കാട്ടുമാക്കാന്‍ വരുന്നു എന്നുപറഞ്ഞ് കുഞ്ഞുങ്ങളെ പേടിപ്പിക്കുമ്പോലെ പര്‍ദയിട്ടില്ലെങ്കില്‍ പോക്കാണ് എന്ന് പഠിപ്പിക്കുന്നതല്ല ഈ കഥ.

ഇന്ത്യയൊട്ടാകെ നാലായിരം ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൌജിഹാദികള്‍ മതംമാറ്റിക്കഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ മാത്രം 2876 പെണ്‍കുട്ടികളാണ് വലയില്‍ വീണത്. ഇതില്‍ 705 സംഭവങ്ങളില്‍ മാത്രമാണ് കേസുണ്ടായത്. കാസര്‍കോട് ജില്ലയിലാണ് പരിപാടി കസറുന്നത്. 568 ജിഹാദി മതംമാറ്റങ്ങള്‍. 123 കേസുകള്‍. ഇങ്ങനെയൊക്കെ പോകുന്നു നമ്മുടെ വാര്‍ത്താവിനിമയം. എളുപ്പത്തില്‍ കണക്കെടുക്കാവുന്ന ഒരു കാര്യത്തിലാണ് ഊഹാപോഹങ്ങള്‍ വിശ്വസനീയമായ സ്ഥിതിവിവരക്കണക്കുകളായി അവതരിപ്പിക്കപ്പെടുന്നത് എന്ന് സംശയിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രചാര്‍ത്തുകയോ സഭാവിരുദ്ധരായി പ്രഖ്യാപിച്ച് പള്ളിക്കുറ്റത്തില്‍ നിര്‍ത്തി തെമ്മാടിക്കുഴി വിധിക്കുകയോ ചെയ്യരുത് എന്ന് പറയുന്നത് ഒരു മുന്‍കരുതലാണ് എന്നറിയുക. പ്രണയം പുതിയ നൂറ്റാണ്ടിലെ പുതിയ പ്രതിഭാസമൊന്നും അല്ല. ഭിന്നമതങ്ങളിലുള്ള വ്യക്തികള്‍ പ്രണയബദ്ധരാകുന്നതും പുതുമയല്ല. എന്തിന് മതങ്ങള്‍? ഒരേ മതത്തില്‍ വിഭിന്നസമുദായങ്ങളില്‍ ജനിച്ചവര്‍ തമ്മിലുള്ള പ്രണയം കമുകിന്‍കോട് പ്രദേശത്തെ ഈഴവ ക്രിസ്ത്യാനികള്‍ക്കിടയിലും നാടാര്‍സമുദായത്തിലും ഒഴികെ എവിടെയും എന്നും പ്രശ്നമായിരുന്നുവല്ലോ.

യാക്കോബായക്കാരും മാര്‍ത്തോമാക്കാരും ,മാര്‍ത്തോമാക്കാരും സീയെസൈക്കാരും ,അകത്തോലിക്കരും കാത്തോലിക്കരും ഇത് പരിഹരിച്ചത് നാടാര്‍സമുദായത്തിലും കമുകിന്‍കോട് പ്രദേശത്തും സ്വീകരിച്ച മാര്‍ഗം ഉപയോഗിച്ചിട്ടാണ്. 'പെണ്ണ്' 'ചെറുക്കന്റെ' സമൂഹത്തില്‍ ചേരുക. അത് പുരുഷാധിപത്യമല്ലേ എന്ന് ഫെമിനിസ്റ്റുകള്‍ ചോദിച്ചേക്കാമെങ്കിലും അതായിരുന്നു സമ്പ്രദായം. പുറത്തുള്ളവര്‍ വിചാരിക്കുന്നതിനേക്കാള്‍ സങ്കീര്‍ണമായ വേദശാസ്ത്ര പ്രശ്നങ്ങള്‍ ഇത്തരം അന്തര്‍സഭാ ബന്ധങ്ങളിലുള്‍ക്കൊണ്ടിരുന്നു. എങ്കിലും സമൂഹം അവയൊക്കെ മറികടന്നു. തീര്‍ത്തും അശാസ്ത്രീയമായ ഒരു പ്രതിഭാസമാണ് പ്രണയം. ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും തോന്നാവുന്ന ഒന്ന്. മുറപ്പെണ്ണും ചെറുക്കനും തമ്മിലുള്ള പ്രണയം കാരണവന്മാര്‍ പ്രോല്‍സാഹിപ്പിക്കുന്നതാണ്. അരസികനായ നമ്പൂതിരിയെ അവഗണിച്ചിട്ട് അബ്രാഹ്മണനെ പ്രണയിക്കുന്നവളെ വാഴ്ത്തിയിട്ടുള്ളതാണ് സമൂഹം. ഒരു മുഴക്കോല്‍ കൊണ്ടും അളക്കാന്‍ കഴിയാത്തതാണ് പ്രണയം എന്നര്‍ഥം. മുറച്ചെറുക്കനായാലും ചിലപ്പോള്‍ അളവ് തെറ്റും. മുറയൊന്നും ഇല്ലെങ്കിലും അളവ് ചിലപ്പോള്‍ കൃത്യമായി ഒക്കുകയും ചെയ്യും. ഇങ്ങനെ ഒരു സംഗതി തെറ്റുകൂടാതെ അളക്കാവുന്ന മുഴക്കോല്‍ ഒരു മാര്‍പാപ്പയും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. സ്വജാതിയുടെ എണ്ണമോ വണ്ണമോ വര്‍ധിപ്പിക്കാന്‍ പ്രണയം ഉപാധിയാക്കുന്നു എന്ന് ആദ്യം പറഞ്ഞത് ഇപ്പോള്‍ അത് പറയുന്നവരല്ല എന്ന് അവര്‍ക്കുതന്നെ അറിയാമെന്ന് തോന്നുന്നില്ല. അത് ഹിറ്റ്ലര്‍ ആയിരുന്നു. യഹൂദന്മാര്‍ക്കെതിരെ ആയിരുന്നു ആരോപണം.

അവര്‍ ആര്യവംശജരായ ജര്‍മന്‍ യുവതികളെ പ്രണയത്തില്‍ കുരുക്കി യഹൂദജനതയുടെ ബുദ്ധി വര്‍ധിപ്പിക്കുകയും ആര്യരക്തത്തിന്റെ ഗുണശോഷണം ഉറപ്പുവരുത്തുകയും ചെയ്യുന്നു എന്നായിരുന്നു ഹിറ്റ്ലര്‍ പറഞ്ഞുപിടിപ്പിച്ചത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും പ്രണയിച്ച് വിവാഹം ചെയ്യുന്നത് പുത്തരിയല്ല. 12 തലമുറ മുമ്പ് മതം മാറി ക്രിസ്ത്യാനിയായ ഒരു നമ്പൂതിരിയുടെ പത്നി സുറിയാനി ക്രിസ്ത്യാനി ആയിരുന്നു എന്ന് ചീരോത്തോട്ടം കുടുംബചരിത്രം പറയുന്നുണ്ട്. ഞങ്ങളുടെ കാരണവര്‍ പ്രണയിച്ചിട്ട് മതം മാറിയതാണോ മതംമാറിയതുകൊണ്ട് വേറെ വേളി തരപ്പെടാതിരുന്നതാണോ എന്ന് കൌതുകത്തോടെ ആലോചിക്കാറുണ്ട് ഞാന്‍. അത് ഉദയമ്പേരൂരിനടുത്ത്. എന്റെ മാതാമഹിയുടെ വീട്ടുകാരും 'പുതുക്രിസ്ത്യാനി'കളാണ്. കോട്ടയത്തെ ഏരുത്തിക്കല്‍ക്ഷേത്രം നാട്ടുകാര്‍ക്ക് കൊടുത്തിട്ടാണ് അവര്‍ എട്ടോ ഒമ്പതോ തലമുറകള്‍ക്കപ്പുറത്ത് മതംമാറിയത്. അവിടെ പ്രണയകഥയൊന്നും കേട്ടിട്ടില്ല. കേട്ട കഥ മതംമാറിയവന് രണ്ടിടത്തും പെണ്ണുകിട്ടാതെ വന്നപ്പോള്‍ അന്നത്തെ മെത്രാപ്പൊലീത്ത തന്റെ ഭാഗിനേയിയെ വിവാഹം ചെയ്തുകൊടുത്തു എന്നതാണ്. സ്ഥലകാലഭേദം ഉണ്ടെങ്കിലും ലൌജിഹാദ് എന്ന് ആരോപിക്കപ്പെടാവുന്നതാണ് ഇപ്പറഞ്ഞ രണ്ട് കുടുംബ പാരമ്പര്യങ്ങളും.


ക്രിസ്ത്യന്‍ മാനേജ്മെന്റിലുള്ള മെഡിക്കല്‍ കോളജുകളില്‍ ഒപ്പത്തിനൊപ്പമോ ഒപ്പത്തിലേറെയോ മുസ്ലിംകുട്ടികളുണ്ട്. കേരളത്തില്‍ ഏറ്റവും തെക്കുള്ള മെഡിക്കല്‍ കോളജ് കാരക്കോണത്താണ്. അവിടെ ഒരു ക്രിസ്മസ് ആഘോഷത്തിന് ക്രിസ്തുവിന് പകരം എന്നെയാണ് ക്ഷണിച്ചത്. സദസ്സില്‍ തട്ടമിട്ട കുട്ടികള്‍ ഏറെ. സര്‍ക്കാര്‍ ക്വോട്ടയില്‍ പ്രവേശനം നേടി സംസ്ഥാനത്തിന്റെ വടക്കന്‍ഭാഗങ്ങളില്‍ നിന്നു വന്നവരാണ്. ആണ്‍കുട്ടികളുടെ കൂട്ടത്തിലും ഉണ്ടാവും ധാരാളം മുസ്ലിംകള്‍: അവരെ വേഷംകൊണ്ട് തിരിച്ചറിയാവതല്ലല്ലോ. കാസര്‍കോട്ടുനിന്നും മലപ്പുറത്തുനിന്നും മെഡിക്കല്‍കോളജില്‍ വരുന്ന മുസ്ലിം പെണ്‍കുട്ടികള്‍ ശക്തമായ കുടുംബബന്ധങ്ങളുടെയും സാമുദായികാചാരസൌമിത്രങ്ങളുടെയും നിയന്ത്രണത്തില്‍ നിന്ന് വഴുതിമാറുന്നത് അസാധ്യമല്ലെങ്കിലും അനായാസമല്ല. ആണ്‍കുട്ടികള്‍ കുറച്ചുകൂടി സ്വാതന്ത്യ്രം കാണിക്കും. അവര്‍ക്കൊന്ന് പ്രേമിക്കണമെന്ന് തോന്നിയാല്‍ അമുസ്ലിംപെണ്‍കുട്ടികളുമായി അടുക്കാനായിരിക്കും കൂടുതല്‍ എളുപ്പം. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഇത്തരം സാമാന്യവികാരങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. ബന്ധങ്ങളുടെ ബന്ധനങ്ങള്‍ കൂടുതല്‍ ശക്തമായി അനുഭവപ്പെടുന്നതിനാലാണ് അവര്‍ പിന്‍വലിയുന്നത്. ചിലപ്പോഴെങ്കിലും പല കോളജ് പ്രണയങ്ങളിലുമെന്നതുപോലെ ഹംസമായോ അനസൂയയും പ്രിയംവദയുമായിട്ടോ ഒക്കെ ഈ കുട്ടികള്‍ അവതരിച്ചു എന്നുംവരാം. അത് അടിച്ചമര്‍ത്തപ്പെടുന്ന സ്വന്തം പ്രണയത്തിന്റെ ഉദാത്തീകരണമായിരിക്കാം. എന്നാല്‍ ഇവിടെ ആരോപണകര്‍ത്താക്കള്‍ തേടുന്ന ചേരുവകള്‍ എല്ലാം ഒത്തുകഴിഞ്ഞു അതോടെ.

മുസ്ലിം കാമുകന്‍, അമുസ്ലിം കാമുകി, ഹംസമായി ഒരു മുസ്ലിംപെണ്‍കുട്ടി!എല്ലാ കാമ്പസ് പ്രണയങ്ങളും ഒരിക്കലും വിവാഹത്തില്‍ കലാശിക്കുന്നില്ല. കലാശിക്കുന്നവയില്‍ തന്നെ എല്ലാറ്റിലും മതംമാറ്റം സംഭവിക്കുന്നില്ല. ഇവിടെയും ഒന്നറിയണം. മുസ്ലിം സമുദായത്തില്‍ അമുസ്ലിമിനെ കുടുംബാംഗമായി സ്വീകരിക്കാന്‍ എളുപ്പമല്ല. ക്രിസ്ത്യാനികളോട് പ്രവാചകന് കാരുണ്യം ഉണ്ടായിരുന്നെങ്കില്‍ എന്നെപ്പോലെയുള്ള ക്രിസ്ത്യാനികള്‍ പിശകാണ് എന്നതാണ് മുസ്ലിംധാരണ. മറ്റ് മതങ്ങളുടെ കാര്യം പിന്നെ പറയണോ? അവിടെയാണ് വിവാഹത്തോട് ചേര്‍ന്നുള്ള മതംമാറ്റം ഒഴിവാക്കാനാവാതെ വരുന്നത്. പണ്ട് ക്രിസ്ത്യാനികളും ഇങ്ങനെയായിരുന്നു. നവീകരണവും രണ്ടാം വത്തിക്കാന്‍ സുന്നഹദോസും വിമോചനദൈവശാസ്ത്രവും ഒക്കെ വന്നതോടെയാണ് അടിച്ച വഴിയേ പോകാത്തവര്‍ പോകുന്ന വഴിയേ അടിക്കുകയാണ് ബുദ്ധി എന്ന് സഭ തിരിച്ചറിഞ്ഞത്. എന്റെ അനിയന്‍ റോയ്പോളിന്റെ മകള്‍ സാറ വിവാഹം ചെയ്തിരിക്കുന്നത് ഒരു ബംഗാളി ബ്രാഹ്മണനെയാണ്. രജത് മുഖര്‍ജി എന്ന വരന്‍ ഹിന്ദുവായി തുടര്‍ന്നുകൊണ്ട് തന്നെയായിരുന്നു വിവാഹം.

പള്ളിയില്‍ വെച്ച് മാര്‍പാപ്പയുടെ പ്രതിനിധി പ്രോനുണ്‍ഷിയോ ക്വിന്താന തിരുമേനിയാണ് ആശിര്‍വദിച്ചത്. രജതിന്റെ വീട്ടില്‍ അവരുടെ ചടങ്ങും നടന്നു. അഗ്നിസാക്ഷിയായി കന്യാദാനം നിര്‍വഹിച്ചത് ഞാന്‍! കഴിഞ്ഞ തലമുറയില്‍ പോലും ക്രിസ്ത്യാനികള്‍ക്ക് അചിന്ത്യമായിരുന്നു ഇത്തരം വിവാഹം. മുസ്ലിംസമുദായത്തില്‍ ഇത്തരത്തിലുള്ള പരിഷ്കാരങ്ങള്‍ ഉണ്ടായിട്ടില്ല. അതുകൊണ്ട് 50 വര്‍ഷം മുമ്പ് ക്രിസ്ത്യന്‍വിവാഹങ്ങള്‍ എന്നതുപോലെ മതംമാറ്റം വേണ്ടിവരുന്നു. ഇത് ലൌജിഹാദ് ആകുന്നതെങ്ങനെ? ഞാന്‍ സഭക്കെതിരെ പ്രതികരിക്കുകയാണ് എന്ന് സഭാപിതാക്കന്മാര്‍ വിധിയെഴുതാതിരിക്കാന്‍ മാര്‍ വര്‍ക്കി കര്‍ദിനാളിന്റെ 'സത്യദീപം' എന്ന വാരികയില്‍ നിന്ന് ഒരു ഉദ്ധരണിയാവട്ടെ: 'കേരളത്തിലെ കത്തോലിക്കാ സഭ നടത്തുന്ന ചില സ്വാശ്രയ പ്രഫഷനല്‍കോളജുകളില്‍ പഠിക്കുന്നവരില്‍ നല്ല പങ്കും മുസ്ലിംകളാണ്. കാശില്ലെങ്കില്‍ കത്തോലിക്കനായതുകൊണ്ട് കാര്യമില്ല. കാശുണ്ടെങ്കില്‍ കത്തോലിക്കനാകണമെന്നുമില്ല! ഉല്‍പതിഷ്ണുക്കളായ യുവമുസ്ലിം മാതാപിതാക്കളാകട്ടെ, മക്കളെ പ്രഫഷനലുകളാക്കാന്‍ താല്‍പര്യപ്പെടുന്നു. സഭയിലെ ചില സങ്കുചിതചിത്തര്‍ക്ക് ചിലപ്പോഴെങ്കിലും ഇതൊന്നും സഹിക്കുന്നില്ല. ഒരു അതിരൂപതയുടെ മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരാകാന്‍ പഠിക്കുകയായിരുന്ന നാലോ അഞ്ചോ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മുസ്ലിം സഹപാഠികളെ പ്രേമിച്ചു കല്യാണംകഴിച്ചു.

മുസ്ലിംകളായതില്‍ അതേ അതിരൂപതയിലെ യുവജനപ്രസ്ഥാനം സഭാധികാരികളെ പ്രതിഷേധം അറിയിക്കുകയുണ്ടായി. സഭ സ്വാശ്രയകോളജ് തുടങ്ങിയതുകൊണ്ട് നാലു വിശ്വാസികളെ നഷ്ടപ്പെട്ടില്ലേയെന്നായിരുന്നുവത്രെ ചോദ്യം. പ്രേമിക്കണമെന്നുണ്ടെങ്കില്‍ സത്യവിശ്വാസികളായ തങ്ങള്‍ ഉണ്ടായിരുന്നല്ലോ എന്നും യുവകേസരികള്‍ സങ്കല്‍പിച്ചിരിക്കാം. പണത്തിനു മതമില്ലാത്തുപോലെ പ്രണയത്തിനും മതമില്ല എന്ന സത്യം ഈ കേസരികള്‍ അറിയണം. മതമില്ലാത്ത പണവും മതമില്ലാത്ത പ്രണയവും സഭയുടെ സ്വാശ്രയകോളജുകളില്‍ പൂക്കുകയും തളിര്‍ക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ അതൊന്നുമറിയാതെ 'മതമില്ലാത്ത ജീവനു' പിറകെ കൂടി ഒച്ചവെച്ചു നടന്ന ചിലര്‍ ഇപ്പോള്‍ പ്രണയത്തിന്റെ ജാതിമതങ്ങളുടെ കണക്കുകളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പെണ്‍കുട്ടികളെ വശീകരിച്ചു മതംമാറ്റാന്‍ നടക്കുന്ന മുസ്ലിം തീവ്രവാദികള്‍ കേരളത്തില്‍ സജീവമാണത്രെ. അവര്‍ ഹിന്ദു^ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ഇരകളാക്കുന്നു എന്നാണ് ആരോപണം. കുറേ കണക്കുകളും പറയുന്നുണ്ട്. ഇന്ന ജില്ലയില്‍നിന്ന് ഇത്ര പെണ്‍കുട്ടികളെ ഇത്തരത്തില്‍ മതംമാറ്റി എന്നും മറ്റും തട്ടിവിട്ടിരിക്കുകയാണ്. എവിടെ നിന്നാണ് ഈ കണക്കുകള്‍ എന്ന് വ്യക്തമല്ല.

വര്‍ഗീയവാദികളുടെ പത്രത്തിലെ ഒരു പൈങ്കിളി പരമ്പരയില്‍ നിന്നോ മറ്റോ ലഭിച്ച കണക്കുകള്‍ ആധികാരികമായി കരുതി പ്രസ്താവനയിറക്കിയതും അത് മെത്രാന്മാരുടെ പ്രതികരണമെന്ന മട്ടില്‍ തലക്കെട്ടുകള്‍ പിടിച്ചടക്കിയതും അതിനോട് സമുദായനേതാക്കള്‍ പ്രതികരിച്ചതും ആകപ്പാടെ ഒരസംബന്ധ നാടകത്തിന്റെ ചേലിലായിപ്പോയി.' മതങ്ങള്‍ തമ്മില്‍ സ്പര്‍ധ വര്‍ധിപ്പിക്കുന്ന ഈ പ്രചാരണം നിര്‍ത്തണം. ക്രിസ്ത്യാനികള്‍ക്ക് സുഘടിതമായ ഒരു ഭരണസംവിധാനമുണ്ട്. ഓരോ ഇടവകയില്‍ നിന്ന് എത്ര പെണ്‍കുട്ടികള്‍ മുസ്ലിംകളെ കല്യാണംകഴിച്ചു, എത്രപേര്‍ മൊഴി ചൊല്ലപ്പെട്ട് തിരികെ വീട്ടിലെത്തി, എത്രപേരുണ്ട് ഒരു വിവരവും നല്‍കാതെ അന്ധകാരത്തില്‍ അലിഞ്ഞവര്‍ എന്നീ സംഗതികള്‍ കണ്ടെത്താന്‍ നാല് ഞായറാഴ്ചകള്‍ മതി.

കരയോഗങ്ങള്‍ വഴി എന്നെസെസിനും ശാഖകള്‍ വഴി എസെന്‍ഡീപിക്കും നായരീഴവ സമുദായങ്ങളിലെ ഏകദേശമായ കണക്കും കണ്ടെത്താം. സംതൃപ്തമായ കുടുംബജീവിതം നയിക്കുന്നവരെ വെറുതെ വിടുക. ബന്ധം പിരിഞ്ഞവരുള്‍പ്പെടെ ശേഷം പേരുടെ കാര്യത്തില്‍ ചതി നടന്നിട്ടുണ്ടോ എന്നന്വേഷിക്കുന്നതില്‍ തെറ്റില്ല. മൊഴിചൊല്ലുന്നത് ചൊല്ലുന്നയാളുടെ കുറ്റം കൊണ്ട് തന്നെയാവണമെന്നില്ലല്ലോ. ഇത്രയും ഗൃഹപാഠം കഴിഞ്ഞിട്ടാവട്ടെ, ലൌജിഹാദിനെതിരെ കുരിശുയുദ്ധം തുടങ്ങുന്നത്. മംഗലാപുരത്തും മറ്റുമുള്ള ശ്രീരാമസേനക്കാരെ വിശ്വസിച്ച് മാധ്യമങ്ങളും സമുദായനേതാക്കളും ഇറങ്ങിപ്പുറപ്പെടരുത്. അവരുടെ കൈയിലിരിപ്പ് നാം കണ്ടിട്ടുള്ളതല്ലേ!നമ്മുടെ കുട്ടികള്‍ കെണികളില്‍പെടുന്നുണ്ട്. മുസ്ലിം പെണ്‍കുട്ടികളും ഈ 'നമ്മുടെ കുട്ടികളില്‍' ഉള്‍പ്പെടും. അത് ജിഹാദല്ല. മൂല്യത്തകര്‍ച്ചയാണ്. മൂല്യച്യുതിക്കുണ്ടോ മതം? വിവാഹപൂര്‍വ ബന്ധങ്ങളും ഉത്തരവാദിത്തമില്ലാത്ത കാമകേളികളും ഇന്റര്‍നെറ്റ് സെക്സും ഒക്കെ മതഭേദമില്ലാതെ കാണപ്പെടുന്ന കാലക്കേടുകളാണ്. ആരോ പറഞ്ഞു ചില രാത്രികാലബസുകളില്‍ നീലച്ചിത്രങ്ങള്‍ക്കൊപ്പം നീലരംഗങ്ങളും കാണാമെന്ന്.

ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം കുറ്റമല്ലല്ലോ അത്. പ്ലസ് ടു പെണ്‍കുട്ടികള്‍ മദ്യപിക്കുന്നു, കൂട്ടമായി ആത്മഹത്യ ചെയ്യുന്നു, ആണ്‍കുട്ടികള്‍ ഗുണ്ടകളെ ആരാധിക്കുന്നു. ഇതിനൊക്കെ പരിഹാരം കാണാന്‍ പ്രബലമതങ്ങളും പ്രബുദ്ധരാഷ്ട്രീയകക്ഷികളും കൈകോര്‍ക്കുകയാണ് വേണ്ടത്. കമലാസുറയ്യയുടെ ശവസംസ്കാരം മുസ്ലിം സമുദായം ആവശ്യത്തിലേറെ 'ആഘോഷിച്ചു' എന്ന പക്ഷക്കാരനാണ് ഞാന്‍. എന്നാല്‍ അവരെ ലൌജിഹാദിന്റെ ഇര എന്ന് വിശേഷിപ്പിക്കുന്നത് ക്രൂരതയാണ്. എന്റെ മകള്‍ ഒരു മുസ്ലിംയുവാവിനെ വിവാഹംചെയ്തിരുന്നെങ്കില്‍ ഞാന്‍ തീര്‍ത്തും അസന്തുഷ്ടനാകുമായിരുന്നു എന്ന് പറയാന്‍ ഞാന്‍ മടിക്കുന്നില്ല. എന്നാല്‍ അതിനെ ലൌജിഹാദ് എന്ന് വിളിക്കുമായിരുന്നില്ല ഞാന്‍. സെക്രട്ടേറിയറ്റ് വളപ്പില്‍ പുലി ഇറങ്ങി എന്നുകേട്ടാലുടനെ തോക്കോ സ്വന്തം വളപ്പിലായാലും കാള പെറ്റു എന്നുകേട്ടാലുടനെ കയറോ എടുക്കരുത് പ്രബുദ്ധകേരളം.
Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......